പിതാവ് മരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾ ഹോട്ടലിൽ ഒത്തുചേർന്ന് പരിപാടി നടത്തിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിന്ധു കൃഷ്ണ.
വീട്ടിലെ ഒരാൾ മരിച്ചു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഹോട്ടലിൽ അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു എന്നതായിരുന്നു പ്രധാന വിമർശനം.
എന്നാൽ ഈ പരിപാടിയുടെ പിന്നിൽ ഡാഡിയെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു.
വിദേശ രാജ്യങ്ങളിലൊക്കെ കണ്ടുവരുന്നതുപോലെ, മരിച്ചവരുടെ വിയോഗത്തിൽ കരഞ്ഞ് തളർന്നിരിക്കാതെ അവരുടെ ജീവിതത്തെ ആഘോഷമാക്കുന്ന രീതിയാണ് തങ്ങളും പിന്തുടർന്നതെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.
‘‘ഡാഡി പോയിട്ട് ഒരു മാസം ആകുന്നു. ആദ്യമൊക്കെ എനിക്ക് ഭയങ്കര സങ്കടവും പ്രശ്നവുമൊക്കെയായിരുന്നു. കാരണം ഇത്ര പെട്ടെന്ന് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഹോം നഴ്സ് ആദി വന്നതിനുശേഷവും ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. നല്ല മാറ്റം ഉണ്ടായിരുന്നു.
ബാത്ത്റൂമില്‍ ഇരുന്ന സമയത്ത് മയങ്ങിയപ്പോള്‍ ക്ഷീണം കൊണ്ടാവാം എന്ന് ഡാഡി വിചാരിച്ചിരിക്കാം. ഇവര്‍ എന്നെ ഇപ്പോള്‍ ആശുപത്രിയിലെത്തിക്കും. കുറച്ച് കഴിയുമ്പോള്‍ ഞാന്‍ കണ്ണ് തുറക്കും എന്നൊക്കെയായിരിക്കും മനസ്സില്‍ ചിന്തിച്ചിട്ടുണ്ടാവുക. അങ്ങനെ രണ്ടുമൂന്ന് സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ട്.
ഡാഡിയൊരു മയക്കത്തിലോട്ട് പോയതാണ്. ഇതാണ് അവസാനം എന്ന് ഡാഡി പോലും അറിഞ്ഞ് കാണില്ല. ജീവിക്കാന്‍ അത്ര കൊതിയുള്ള ആളാണ്. ഭയങ്കരമായി ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും എന്ജോയ് ചെയ്യുന്ന ആളാണ്. ആശുപത്രിയില്‍ പോവുമ്പോള്‍ വരെ വാച്ചും, ടീഷര്‍ട്ടുമൊക്കെ നോക്കി സെലക്ട് ചെയ്യും.
എപ്പോഴും നന്നായി വസ്ത്രം ധരിക്കണം എന്നുണ്ട്. ഇടയ്ക്ക് അമ്മ പഴയ ടീഷര്ട്ടൊക്കെയാണ് അമ്മ ഇടാന്‍ കൊടുത്തിരുന്നത്. എത്രയെണ്ണമുണ്ട്, അമ്മയെന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇടയ്ക്ക് ഞാന്‍ ചോദിച്ചിരുന്നു. പിങ്ക് ടീഷര്‍ട്ട് വലിയ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത് കൊടുത്തിരുന്നു.
ആ കളര്‍ ഒന്നേയുള്ളൂ എന്നൊക്കെ പറഞ്ഞിരുന്നു. കൊച്ചിയില്‍ നിന്നും ഞാന്‍ വാങ്ങിയ പച്ച ടീഷര്‍ട്ട് ഡാഡി ഇട്ടിട്ടേയുണ്ടായിരുന്നില്ല. അവസാനം ഇടീപ്പിക്കാനായി ഡ്രസ് ചോദിച്ചപ്പോഴാണ് എത്ര മുണ്ടും, ടീഷര്ട്ടുമൊക്കെയാണ് ഡാഡി ഇടാതെ വച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായത്. ലാസ്റ്റ് ഓണത്തിന് മേടിച്ചതൊന്നും ഇട്ടില്ല. അതിന് മുന്നെ വാങ്ങിയ പച്ച കളര്‍ മുണ്ടാണ് അവസാനമായി ഉടുപ്പിച്ചത്.
ഒരു ഹോട്ടലിൽ വച്ച് ഡാഡിയുടെ ഓർമ പുതുക്കൽ പോലെ ചെറിയൊരു പ്രാർഥന സംഘടിപ്പിച്ചിരുന്നു. സഞ്ചയനം അതല്ലായിരുന്നു. സഞ്ചയനം ആഘോഷിച്ചോ എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചത്. അതൊക്കെ വീട്ടിലായിരുന്നു. ബന്ധുക്കളൊക്കെ വന്നിരുന്നു.
അതിന് ശേഷം അമ്മുവിനോട് ആണ് ഇങ്ങനെയൊരു ചെറിയ കൂട്ടായ്മ പോലെ ഒരു പരിപാടി നടത്തിയാലോ എന്ന് ചോദിച്ചത്. ഇങ്ങനെയുള്ള ചടങ്ങുകൾ വെസ്റ്റേൺ രാജ്യങ്ങളിലും നോർത്തിലുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ അധികം കണ്ടിട്ടില്ല, എന്തെങ്കിലും അദ്ദേഹത്തിനു വേണ്ടി ചെയ്യണമെന്നുണ്ടായിരുന്നു.
ഡാഡിയുടെ കൂടെ എല്ലാ ദിവസം ഒരുമിച്ചുണ്ടായിരുന്നവരാണ് അവിടെ വന്നത്. ഡാഡിയുടെ കുറച്ച് ഫോട്ടോയും, വിഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിയുടെ ലൈഫ് എന്ജോയ് ചെയ്യുന്നു.
അദ്ദേഹത്തെക്കുറിച്ച് പറയുന്നു. വെസ്റ്റേൺ രാജ്യങ്ങളിലൊക്കെ കണ്ടുവരുന്നതുപോലെ, മരിച്ചവരുടെ ഓർമ്മയിൽ കരഞ്ഞുവിളിക്കാതെ, അവർ ജീവിച്ചിരുന്നപ്പോൾ നമുക്ക് നൽകിയ മനോഹരമായ നിമിഷങ്ങളെ ഓർത്തെടുക്കുന്ന ഒരു ‘ലൈഫ് സെലിബ്രേഷൻ’ ആയിരുന്നു അത്.
ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഈ ഹോട്ടൽ. അവിടുത്തെ സദ്യയും ഡാഡിക്ക് വലിയ പ്രിയമായിരുന്നു. ആ ചെറിയ ഹാളിൽ ഞങ്ങൾ ഒത്തിരി കുടുംബ വിശേഷങ്ങളും പരിപാടികളും മുൻപ് നടത്തിയിട്ടുണ്ട്.
ഡാഡി പല വേഷങ്ങളിൽ ഫോട്ടോകൾക്കും വിഡിയോകൾക്കും അവിടെ വച്ച് പോസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ വച്ച് ഡാഡിയെ സ്മരിക്കുമ്പോൾ ഡാഡിയുടെ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടാകുമെന്നും ഡാഡി അത് ആസ്വദിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തൊരു പരിപാടിയാണ്.
ആ ഫോട്ടോസിന്റെ താഴെ ഒരുപാട് നെഗറ്റിവ് കമന്റുകൾ വന്നിരുന്നു. ‘ദേ കണ്ടില്ലേ’ അവർ ചിരിച്ചു നിൽക്കുന്നു’ എന്നൊക്കെ.
ഡാഡിയുടെ ഫോട്ടോയ്ക്ക് താഴെ നിന്ന് ഞങ്ങൾ ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ ചിലർക്ക് അത് അദ്ഭുതമായി തോന്നിയിരിക്കാം. എന്നാൽ ഞങ്ങൾ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാവുകയുള്ളൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രാർഥനകൾക്കൊപ്പം ഞങ്ങൾ പ്രിയപ്പെട്ടവർ ഡാഡിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചപ്പോൾ ഡാഡി സ്വർഗത്തിലിരുന്ന് ഞങ്ങളെ കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.
ഇനിയങ്ങോട്ടുള്ള എന്റെ വിഡിയോകളിൽ ഡാഡി ഉണ്ടാവില്ല എന്നത് വലിയൊരു സങ്കടം തന്നെയാണ്. അവസാന നാളുകളിൽ ഡാഡിയെ മരണ ഭയം വല്ലാതെ വേട്ടയാടിയിരുന്നു. ‘പോകാറായല്ലോ, അതുകൊണ്ടാണ് ഈ ഗ്ലാമർ’ എന്ന് ഡാഡി ഇടയ്ക്ക് തമാശയായി പറയുമായിരുന്നു. എഴുപതുകൾ ആകുമ്പോൾ ചിലപ്പോൾ നമ്മളും ഇതുപോലൊയൊക്കെ ചിന്തിക്കുമായിരിക്കും.
പേരക്കുട്ടികൾ വളരുന്നത് കാണാനും അമ്മുവിന്റെ കല്യാണം കാണാനുമൊക്കെയുള്ള ഒത്തിരി ആഗ്രഹങ്ങൾ ഡാഡിക്ക് ബാക്കിയുണ്ടായിരുന്നു.
എങ്കിലും ഒട്ടും കഷ്ടപ്പെടാതെ, ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാതെ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു തന്നെ ഡാഡി കടന്നുപോയി. അതൊരു നല്ല ആത്മാവിന്റെ ലക്ഷണമായിരിക്കാം. എന്റെ ഡാഡിയെ ഞാൻ അത്രത്തോളം മിസ്സ് ചെയ്യുന്നു,’’സിന്ധു കൃഷ്ണ പറയുന്നു.